ജോസ് കെ മാണിയുടെ തീരുമാനം അപക്വമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കാനുള്ള ജോസ് കെ. മാണിയുടെ തീരുമാനം അത്യന്തം നിര്‍ഭാഗ്യകരവും അപക്വവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ വാതിലുകള്‍ ഒരിക്കലും ജോസ് കെ. മാണിയുടെ മുന്നില്‍ അടച്ചിട്ടില്ല. നിലപാടുകളുടെ പേരില്‍ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു.

അതിനെ ആരും മുന്നണിയില്‍ നിന്ന് പുറത്താക്കിയതായി വ്യാഖ്യാനിച്ചിട്ടില്ല. താന്‍ അന്ന് തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്. ഇതിനോട് ജോസ് കെ. മാണി പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ തന്റെ അത്തരം ഒരു നിലപാടിനെ പിജെ ജോസഫ് ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരാന്‍ ജോസ്.കെ.മാണി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പ്രഖ്യാപനം വൈകിയെന്നു മാത്രം. ഈ തീരുമാനം മാണിസാറിന്റെ ആത്മാവിനെ ഏറെ വേദനിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ സംശയമില്ല. മാണിസാറിനെ വേട്ടപ്പട്ടികളെപ്പോലെ വേട്ടയാടിയവരാണ് സിപിഐഎമ്മും എല്‍ഡിഎഫും അവിടേക്കാണ് ജോസ് കെ.മാണി നടന്നു കയറിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫില്‍ ആരും ജോസ് കെ.മാണിയെ വേദനിപ്പിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top