സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ന്നെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും നേരത്തെ പറഞ്ഞത് ശരിയായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ ബിംബവല്‍ക്കരണത്തിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ന്നു. ആരോഗ്യമന്ത്രിയെ ബിംബവല്‍ക്കരിക്കാന്‍ സിപിഎം ശ്രമിച്ചു. കൊവിഡില്‍ പി ആര്‍ ഏജന്‍സിയെ വെച്ചാണ് ബിംബവത്കരണത്തിന് സിപിഎം ശ്രമിച്ചത്. എന്നാല്‍, വ്യക്തിപരമായി ആരോഗ്യ മന്ത്രിയോട് വിയോജിപ്പില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കരുതുന്നില്ല. ലൈഫ് മിഷന്‍ കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുങ്ങും. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നിലച്ചു. സിബിഐ അന്വേഷണത്തിന് തടയിടാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. കോടതിയില്‍ നിന്ന് കിട്ടിയത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. കോടതിക്ക് സത്യം ബോധ്യപ്പെടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം സംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിനില്ല. കെപിഎ മജീദില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്ത നടപടി സ്വാഭാവികം മാത്രമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

Top