തെരഞ്ഞെടുപ്പ് വരെ അധ്യക്ഷനായി തുടരുമെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ കെ.സുധാകരനും മറിച്ചൊരു അഭിപ്രായം ഇല്ല. താന്‍ മത്സരിക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ല. സാമുദായിക പരിഗണന കൂടി നോക്കിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് യുഡിഎഫ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിന് ഈ തെരഞ്ഞെടുപ്പില്‍ ഇനിയും ചുമതലകള്‍ ഉണ്ടാകും. കെവി തോമസിന് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതില്‍ പ്രയാസം ഉണ്ടാകില്ല. വടകരയില്‍ ആര്‍എംപിയെ മത്സരിപ്പിക്കണമോ എന്ന് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഗ്രൂപ്പ് താത്പര്യങ്ങള്‍ പ്രശ്‌നമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. താഴേത്തട്ടില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണ്. വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോയതാണ് തദ്ദേശ തോല്‍വിക്ക് ഒരു കാരണം. ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കിടയില്‍പ്പെട്ട് താന്‍ പലപ്പോഴും പ്രയാസപ്പെട്ടു. ഗ്രൂപ്പ് താത്പര്യം വരുമ്പോള്‍ പല നേതാക്കളും അന്ധരും മൂകരുമാകുന്നു. ഇത്തവണ ഗ്രൂപ്പിന് അതീതമായി സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Top