സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും എത്രയും പെട്ടെന്ന് അധികാരത്തില്‍ ഒഴിയണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ മാത്രം ഒതുങ്ങുന്ന അന്വേഷണമാകരുത് ഇത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും വിവാദപുരുഷനാണ്. അദ്ദേഹം തിരശീലയ്ക്ക് പിന്നിലാണ്. അദ്ദേഹവും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധം അന്വേഷിക്കണം. അദ്ദേഹത്തിന്റെ സ്വത്തുവിവരം അന്വേഷിക്കണം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ശിവശങ്കറുമായി എത്രവര്‍ഷത്തെ ബന്ധമുണ്ട്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കുടുംബവുമായി എത്ര ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.

മുഖ്യമന്ത്രി രാജി വെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നു തന്നെ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുകൊണ്ടുളള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top