പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല; പുന:സംഘടനയിലെ അതൃപ്തി തുറന്ന് പറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരം: ആള്‍ക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയില്‍ ശക്തമായ നേതൃത്വമാണ് വരേണ്ടത്. ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യം. തനിക്കു ലഭിച്ച ലിസ്റ്റില്‍ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെക്കുറിച്ചും താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശക്തമായ നേതൃത്വം വരാനുള്ള താല്‍പര്യമാണ് താന്‍ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനപ്രതിനിധികള്‍ ഭാരവാഹികളാകരുതെന്നാണ് തന്റെ അഭിപ്രായം. എംപിമാര്‍ക്ക് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലും സമയം തികയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വന്‍തുക ചെലവിട്ട് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് അഴിമതിയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.ഏറ്റവും ദുര്‍ബലമായ മാവോയിസ്റ്റ് ഗ്രൂപ്പാണ് കേരളത്തിലേത്. അതിന്റ പേരില്‍ കോടികള്‍ ചെലവഴിക്കുന്നത് ധൂര്‍ത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top