പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ്: ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശം സ്വാഗതാര്‍ഹം മുല്ലപ്പള്ളി

കൊച്ചി: പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസില്‍ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച നിര്‍ദേശം സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം കേരളീയ പൊതുസമൂഹത്തിന്റെ ആശങ്കയും ഉത്കണ്ഠയും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ്. വിശ്വാസ്യതയ്ക്ക് പേരുകേട്ട കേരള പിഎസ്‌സിയുടെ സമീപകാല പ്രവര്‍ത്തനം അത്യന്തം നിരാശാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിഎസ്‌സിയില്‍ നടക്കുന്ന മുഴുവന്‍ ക്രമക്കേടുകളും പുറത്ത് വരണമെങ്കില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. പിഎസ്‌സിയില്‍ വ്യാപകമായ രീതിയില്‍ അഴിമതി നടക്കുന്നതായി ഉദ്യോഗാര്‍ത്ഥികളായ യുവാക്കള്‍ ആശങ്കപ്പെടുന്നു. വളരെ ആകസ്മികമായാണ് ഇപ്പോള്‍ ഏതാനും ക്രമക്കേടുകള്‍ പുറത്ത് വന്നത്. നിഷ്പക്ഷതയ്ക്കും സത്യസന്ധതയ്ക്കും പേരുകേട്ട വ്യക്തികളയോ ഉദ്യോഗസ്ഥന്‍മാരെയോ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയോ നിയമിച്ചുകൊണ്ടുള്ള അന്വേഷണം ആയിരിക്കും നല്ലതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അടിയന്തിരമായി ഇത്തരമൊരു ഏജന്‍സിയെ നിയോഗിക്കാന്‍ ഹൈക്കോടതി തന്നെ മുന്‍കൈ എടുക്കുന്നതായിരിക്കും ഉചിതമെന്നും മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാരിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് മംഗളപത്രം എഴുതുന്ന ഉദ്യോഗസ്ഥരെ വച്ചുള്ള അന്വേഷണത്തിലൂടെ പിഎസ്‌സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top