കേരള സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങി: മുല്ലപ്പള്ളി

mullappally

തിരുവനന്തപുരം: കേരളത്തില്‍ ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം വെറും 12 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത് സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങിയതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ഒന്‍പതാം തീയതിയാണ് എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ഉത്തരവായത്. 21നു പുനസ്ഥാപിച്ചു.

ക്വാറിമാഫിയയ്ക്ക് പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. ഈ ഉത്തരവ് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ഇതു കേരളത്തെ നശിപ്പിക്കാനുള്ള ഉത്തരവാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പീച്ചിയിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കില്‍ വെറും 750 ക്വാറികളേയുള്ളു. ബാക്കിയുള്ളവയെല്ലാം അനധികൃതമാണ്. യഥാര്‍ത്ഥത്തില്‍ കേരത്തിലെത്ര ക്വാറികളുണ്ടെന്ന് അധികൃതര്‍ക്കു കണക്കില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ആര്‍ക്കും എവിടെയും ക്വാറികള്‍ അനുവദിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top