ശബരിമലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധി വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കൂടുതല്‍ ഉചിതമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നതിന് സഹായകരമാണ് കോടതി വിധി. കഴിഞ്ഞ മണ്ഡലകാല സമയത്ത് സര്‍ക്കാരിന്റെ പ്രകോപനപരമായ സമീപനത്തിന്റെ ഭാഗമായി ഉണ്ടായ തിക്താനുഭവങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.വനിതാ ആക്ടിവിസ്റ്റുകളെ അധികാരം ഉപയോഗിച്ച് മല ചവിട്ടിപ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സാധൂകരിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി. കോടതി വിധി മറിച്ചാണെങ്കില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ വിശ്വസ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ആജ്ഞേയവാദിയാണെങ്കിലും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് പറഞ്ഞ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാത പിന്തുടരുന്നവരാണ് കോണ്‍ഗ്രസുകാര്‍. ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞ ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചു. കോടതികള്‍ക്കെതിരെ എന്നും മുറവിളിക്കൂട്ടുന്ന സി.പി.എം യുവതി പ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ആത്മാര്‍ത്ഥയില്ലാത്തതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top