‘കേരള മോഡല്‍’ രാജ്യത്തിന് അപമാനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappally

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ ഇപ്പോഴത്തെ ‘കേരള മോഡല്‍’ രാജ്യത്തിന് അപമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍ഗോഡ് ഗര്‍ഭിണിക്ക് 14 മണിക്കൂര്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചതും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കൊവിഡ് പോസിറ്റീവായ വ്യക്തിയെ ചികിത്സ കഴിഞ്ഞ് പുഴുവരിച്ച നിലയില്‍ മടക്കി വീട്ടിലെത്തിച്ചതും ആരോഗ്യമേഖലയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ തുറന്ന് കാട്ടിയ സംഭവങ്ങളാണ്. ഈ രണ്ടു വിഷയത്തിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് കൊവിഡ് രോഗി മരിച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം എങ്ങും എത്തിയിട്ടില്ല.

സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മികച്ച ആരോഗ്യ സംവിധാനമുള്ള സംസ്ഥാനം ആയിരുന്ന കേരളം ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. മരണനിരക്കും ക്രമാതീതമായി ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം 7000 കടക്കുമ്പോള്‍ അതിനാവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

സംസ്ഥാനത്ത് നിലവില്‍ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 56709 ആണ്. ഇത് സെപ്റ്റംബര്‍ 27 വരെയുള്ള കണക്കാണ്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു. ക്രമീകരിച്ചിരിക്കുന്ന 50271 കിടക്കകളില്‍ ഒഴിവുള്ളത് 22677 എണ്ണം മാത്രമാണ്. ഐസിയുവില്‍ 6303 കിടക്കകളാണുള്ളത്. വെന്റിലേറ്ററുകള്‍ 2111 എണ്ണം ഉണ്ടെങ്കിലും ഒഴിവുള്ളത് 2051 എണ്ണം മാത്രമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Top