ക്വാറി മാഫിയയുടെ തടവിലാണ് സംസ്ഥാന സര്‍ക്കാര്‍; കുറ്റപ്പെടുത്തി മുല്ലപ്പള്ളി

Mullapally Ramachandran

പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറികള്‍ തുറക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഞെട്ടിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഈ നടപടി പരിസ്ഥിതിയുടെയും വന്യജീവികളുടെയും ആവാസവ്യവസ്ഥയ്ക്ക് ദോഷം ചെയ്യുന്നതാണെന്നും വന്യജീവി സങ്കേതങ്ങളുടെയും വനങ്ങളുടെയും നിശ്ചിത കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറി പ്രവര്‍ത്തനം കേന്ദ്ര വനം-പരിസ്ഥി മന്ത്രാലയം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയും വനം-പരിസ്ഥിതി മന്ത്രിയും തയ്യാറാകണമെന്നും മുല്ലപള്ളി ആവശ്യമുന്നയിച്ചു.

ക്വാറി മാഫിയയുടെ തടവിലാണ് സംസ്ഥാന സര്‍ക്കാര്‍. ക്വാറിമാഫിയയ്ക്ക് പൂര്‍ണ്ണമായും കീഴടങ്ങിയത് കൊണ്ടാണ് നഗ്നമായ നിയമലംഘനങ്ങളിലൂടെ സര്‍ക്കാര്‍ അവരെ വഴിവിട്ട് സഹായിക്കുന്നത്. കോടികളുടെ അഴിമതി നടത്തി കൊണ്ടാണ് അനധികൃതമായി പ്രവര്‍ത്തിക്കാന്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയത്. പ്രളയത്തിന്റെയും പ്രകൃതി ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ പ്രകൃതിയെ സംരക്ഷിക്കേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പകരമാണ് സര്‍ക്കാര്‍ പശ്ചിമഘട്ടം ഉള്‍പ്പടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാന്‍ അവസരം ഒരുക്കി കൊടുക്കുന്നത്, മുല്ലപ്പള്ളി വ്യക്തമാക്കി.

Top