കെപിസിസിക്ക് അച്ചടക്ക സമിതി; പോരാട്ടം പിണറായിക്കും മോദിയ്ക്കുമെതിരെ: മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. സമിതി എങ്ങനെ വേണമെന്നും ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നും പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് . പക്ഷെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യല്‍ മീഡിയ ഇടപെടല്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കുമെന്നും ഐടിവിഭാഗത്തിന്റെ ചുമതല ശശി തരൂരിന് നല്‍കാന്‍ തീരുമാനിച്ചതായും മുല്ലപ്പിളളി പറഞ്ഞു.

കോണ്‍ഗ്രസ് പോലെ വലിയ പാര്‍ട്ടിയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. പട്ടിക അല്പം നീണ്ടുപോയി. ഇത് കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമല്ല. മുന്‍പും ഇതുപോലെ ഭാരവാഹികളെ കണ്ടെത്താന്‍ വളരെയേറെ ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് അതു പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി മൂന്നുവെല്ലുവിളികളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ മൂന്നു വെല്ലുവിളികളെ എങ്ങനെ കാര്യക്ഷമമായി നേരിടാന്‍ സാധിക്കും, വെല്ലുവിളി സ്വീകരിച്ചുകൊണ്ട് എങ്ങനെ വിജയം കൊയ്തെടുക്കാന്‍ സാധിക്കും എന്നാണ് പ്രധാനമായും ഇന്നത്തെ യോഗം ചര്‍ച്ച നടത്തിയതെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി. ഈ മൂന്ന് വെല്ലുവിളികളെയും ഏറ്റെടുക്കാന്‍ പാകത്തിലാണ് പുനസംഘടനാ ലിസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

ദ്വിമുഖ പോരാട്ടമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നിലുള്ളത്. ഒന്ന് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ, രണ്ടാമത് പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ. മോദി പിണറായി സര്‍ക്കാരുകളെ തുറന്ന് കാണിച്ച് മുന്നോട്ടുപോവുക എന്ന ഒരു രാഷ്ട്രീയ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് പേരും പരാജയപ്പെട്ട ഭരണാധികാരികളാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും കൊണ്ട് നാട് നട്ടംതിരിയുകയാണ്. പിണറായി മോദി സര്‍ക്കാരുകള്‍ക്ക് ജനങ്ങളുടെ ഇച്ഛക്കൊപ്പം പ്രവര്‍ത്തിക്കാനായില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ജനുവരി 30ന് പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് മനുഷ്യ ഭൂപടം തീര്‍ക്കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവമായി പങ്കെടുക്കാനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും കെപിസിസി ഭാരവാഹികള്‍ക്കുമെല്ലാം നിര്‍ദേശ രൂപത്തില്‍ നല്‍കിയതായും മുല്ലപ്പിള്ളി അറിയിച്ചു.

ആത്മാഭിമാനമുള്ള ഒറ്റ കോണ്‍ഗ്രസുകാരനും മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്തിട്ടില്ല. ലീഗുകാര്‍ പങ്കെടുത്തോ എന്ന് അവരോട് തന്നെ ചോദിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.എല്ലാത്തതരത്തിനും അനിശ്ചിതത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യമന്ത്രി. ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരം പറയാന്‍ പിണറായി വിജയന്‍ തയ്യാറാകാത്തത് അതിശയമാണെന്നും മുല്ലപ്പള്ളി ആഞ്ഞടിച്ചു.

Top