വെഞ്ഞാറമൂട് കൊലപാതകം; സിപിഎം വീണു കിട്ടിയ അവസരം മുതലെടുക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം വീണുകിട്ടിയ അവസരമായി സിപിഎം കാണുന്നുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ 50 വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയം തിരുവിതാകൂര്‍ ഭാഗത്തേക്ക് വ്യാപിക്കുക എന്നുളളത് അപലപനീയമാണെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘ഒരിക്കല്‍ പോലും കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുകയോ അത്തരമൊരു പ്രസ്ഥാനത്തെ ന്യായീകരിക്കുകയോ ചെയ്ത പാര്‍ട്ടിയല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. എന്നാല്‍ ഈ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടു കൊണ്ട് സി.പി.എം. സംസ്ഥാന വ്യാപകമായി ബോധപൂര്‍വമായി അക്രമം അഴിച്ചുവിടുകയാണ്. ഒരോ മരണവും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതൊരാഘോഷമാണ്. അവര്‍ മരണത്തെ ആഘോഷിക്കുന്നവരാണ്. അതിനുശേഷം സംസ്ഥാനത്തിനകത്തും പുറത്തും പിരിവെടുത്തുകൊണ്ട് മുന്നോട്ടുപോകുന്നൊരു പാര്‍ട്ടിയാണ് അത്. ഞങ്ങളുടെ പാര്‍ട്ടി അങ്ങനെയല്ല. ഒരിക്കല്‍ പോലും ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല, അതാവര്‍ത്തിക്കാന്‍ പാടില്ല എന്ന് നിലപാടെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്തിന്ന് നൂറിലേറെ കോണ്‍ഗ്രസ് ഓഫീസുകളും കോണ്‍ഗ്രസ് വായനശാലകളും തകര്‍ക്കപ്പെട്ടതായിട്ടാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സി.പി.എം. ഇത് വീണുകിട്ടിയ അവസരമായി കാണുകയാണ്. രണ്ടു ഗ്യാങ്ങുകള്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ ഭാഗമായി സംഭവിച്ച ദുരന്തമാണ് വെഞ്ഞാറമ്മൂട് കൊലപാതകം. അതില്‍ കോണ്‍ഗ്രസിന് പങ്കില്ല.

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ കെ.പി.സി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനോ അല്ലെങ്കില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റാര്‍ക്കെങ്കിലുമോ ബന്ധമോ പങ്കാളിത്തമോ ഇല്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണം മുന്നോട്ടുപോകട്ടെ. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഇതില്‍ ഇടപെടാനോ അന്വേഷണത്തെ തടസ്സപ്പെടുത്താനോ കോണ്‍ഗ്രസ് ആഗ്രഹിക്കില്ല. ഇത്തരമൊരു സമീപനം സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Top