പെരിയ: സി.ബി.ഐ അന്വേഷണത്തിനെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാരിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ അപ്പീല്‍ നല്‍കിയ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കില്ല. അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. കുറ്റവാളികള്‍ക്ക് എത്ര സ്വാധീനമുണ്ടെങ്കിലും ശിക്ഷ ലഭിക്കണം. എങ്കില്‍ മാത്രമേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അവസാനിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഇനിയൊരു രാഷ്ട്രീയ കൊലപാതകമുണ്ടാവില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്കുണ്ടാവണം. കൊലപാതക രാഷ്ട്രീയം അമ്പതുവര്‍ഷം കടന്നുപോയിട്ടും മുഖ്യമന്ത്രിയ്ക്ക് യാതൊരു തരത്തിലുമുള്ള മനഃസാക്ഷി കുത്തുമില്ല. അത് അവസാനിപ്പിക്കാനുള്ള താല്‍പര്യവും അദ്ദേഹത്തിനില്ല. ഇത് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പൊതുഖജനാവില്‍നിന്നും പണമെടുത്ത് ദുര്‍വിനിയോഗം ചെയ്യാന്‍ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം നല്‍കിയത്. ഇരകള്‍ക്ക് നീതിയില്ല, വേട്ടക്കാരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. ഷുഹൈബ് കേസിലും സര്‍ക്കാര്‍ സമാനമായാണ് പെരുമാറിയത്. കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തിന് തുടര്‍ന്നും എല്ലാവിധ നിയമസഹായവും പാര്‍ട്ടി നല്‍കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top