ഇതാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചരിത്രം . . !

Mullapally Ramachandran

തിരുവനന്തപുരം : നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഠിനമായ പാതകള്‍ പിന്നിട്ടാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

1946 ഏപ്രില്‍ 15ന് കോഴിക്കോട് ജില്ലയിലെ ചോമ്പാലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്‍, മാതാവ് പാറു അമ്മ. ഭാര്യ: ഉഷ രാമചന്ദ്രന്‍.

കെ.എസ്.യുവിലൂടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുരംഗത്തേക്ക് കടന്നുവന്നത്. പൊതുപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. പിതാവ് മുല്ലപ്പള്ളി ഗോപാലന്റെ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം മുല്ലപ്പള്ളി രാമചന്ദ്രനേയും സ്വാധീനിച്ചിട്ടുണ്ട്.

കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ച് തവണയും വടകരയില്‍ രണ്ട് തവണയും വിജയ കിരീടം ചൂടിയത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. രാഷ്ട്രീയത്തിനതീതമായുള്ള ജനപിന്തുണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. അഴിമതിക്കും അനീതിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. ആദര്‍ശത്തിലും നിലപാടുകളിലും മായം ചേര്‍ക്കാത്ത ചുരുക്കം ചില രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ആദ്യത്തെ പേര് മുല്ലപ്പള്ളിയുടേതായിരിക്കും.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന മുല്ലപ്പള്ളി മലബാറിലെ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായിരുന്നു. കെ.എസ്.യുകോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 1968-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അഴിമതി ആരോപണ വിധേയനായ മന്ത്രി പി.ആര്‍.കുറുപ്പിനെ ചോമ്പാലയില്‍ വെച്ച് കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഗുരുതര പരിക്കേറ്റിരുന്നു.

Mullapally Ramachandran

മടപ്പള്ളി ഗവ. കോളജില്‍ ആദ്യമായി കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകിരിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് മടപ്പള്ളി ഗവ. കോളജിലെ പഠനകാലത്ത് നിരന്തരം സി.പി.എംപ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തിനിരയായിട്ടുണ്ട്. ഫാറൂഖ് കോളജില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ വിലക്ക് ലംഘിച്ച് കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തില്‍ നിറസാനിധ്യമായിരുന്ന കാലഘട്ടത്തില്‍ അവകാശ സമരങ്ങളില്‍ പോലീസ് മര്‍ദ്ദനത്തിരയാവുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 1978-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. മൊറാര്‍ജി ദേശായ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ 58 ദിവസം നീണ്ട് നിന്ന പദയാത്ര ശ്രദ്ധേയമായിരുന്നു. ആ സമയത്ത് പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ച് നിന്നു.

1984ല്‍ കണ്ണൂരില്‍ നിന്നും ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിര ഗാന്ധി നേരിട്ട് കെ.പി.സി.സിജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. 1988ല്‍ എ.ഐ.സി.സി ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒടുവില്‍ എഐസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സിഅധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.

Mullapally Ramachandran

1984,1989, 1991, 1996, 1998-ലും കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ അട്ടിമറി വിജയത്തിലൂടെ വടകരയില്‍ നിന്നും ലോക്സഭയിലെത്തി. 2014ല്‍ വടകരയില്‍ നിന്നും വീണ്ടും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന ലോകസഭ അംഗം കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏഴ് തവണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ പാര്‍ലമെന്റ് സമിതികളിലും ബോര്‍ഡുകളിലും മെംബറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. തായാട്ട് ശങ്കരന്റെയും പി.പി. ഉമ്മര്‍ കോയയുടേയും നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പുറത്തിറങ്ങിയ വിപ്ലവം ദിനപത്രത്തില്‍ ചീഫ് സബ്ബ് എഡിറ്ററായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ക്യൂബയിലെ ഹവാനയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ദിര ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജന്മനാടായ ചോമ്പാല്‍ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പിതാവ് മുല്ലപ്പള്ളി ഗോപാലന്റെ നേതൃത്വത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ കൊണ്ടുവന്നപ്പോള്‍ മകന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധിയെ ഇതേ മൈതാനത്ത് കൊണ്ടുവന്നത് തികച്ചും യാദൃശ്ചികമായിരുന്നു. നെഹ്റു പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ സാമ്പത്തിക ബാധ്യത കാരണം മുല്ലപ്പള്ളി ഗോപാലന് സ്വന്തം തറവാട് വീട് വില്‍ക്കേണ്ടി വന്നതും ഒരു ചരിത്രമാണ്.

Top