സ്വര്‍ണക്കടത്ത് അന്വേഷണം; മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണെന്ന് മുല്ലപ്പള്ളി

കോട്ടയം: സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം മുമ്പോട്ടു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയും ഉപജാപക വൃന്ദവും കളങ്കിതരാണ്. സിപിഎം അതിജീവിക്കാന്‍ കൈകാലിട്ടടിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ധാര്‍ഷ്ട്യക്കാരനായ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയതാണ് സിപിഎമ്മിന് ഉണ്ടായ ഏറ്റവും വലിയ ജാഗ്രതക്കുറവ്. സിപിഎമ്മിന്റെ വിവേകം കൊണ്ടല്ല, പ്രതിഷേധം മൂലമാണ് പൊലീസ് ആക്ട് നടപ്പാക്കാതിരുന്നത്. കഴിഞ്ഞ നാല് വര്‍ഷം കേരളം ഭരിച്ചത് തസ്‌കര സംഘമാണ്. ജനങ്ങള്‍ ഇത് പോലെ വഞ്ചിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ല. ഇതില്‍ നിന്നൊരു മോചനം കേരളം ആഗ്രഹിക്കുന്നു.

ബിജെപി വളര്‍ന്നാലും കോണ്‍ഗ്രസ് തളരണം എന്നതാണ് സി പി എം നിലപാട്. തെരഞ്ഞെടുപ്പില്‍ പോരാട്ടം നടക്കുന്നത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്, ബിജെപിയും സിപിഎമ്മും തമ്മിലല്ല. ശബരിമലയെ കളങ്കപ്പെടുത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top