പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന സത്യം മന്ത്രി കെ ടി ജലീല്‍ വിസ്മരിക്കരുതെന്ന് കെപി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ തയ്യാറാകണം. സമൂഹത്തോട് പച്ചക്കള്ളം പറയുകയും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയുമാണ് ജലീല്‍. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. ഒന്നും ഒളിക്കാനില്ലെന്നും തന്റെ കൈ ശുദ്ധമാണെന്നും പറഞ്ഞ മന്ത്രി ജലീല്‍ ആദ്യം എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലെന്ന ശുദ്ധനുണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനാണ് മന്ത്രി. രാജദ്രോഹ കുറ്റകൃത്യമായ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന് സഹായകരമായ നിലപാട് മന്ത്രി സ്വീകരിച്ചിട്ടുണ്ടോയെന്നതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇത്തരമൊരു കുറ്റകൃത്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ് മന്ത്രി.അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top