സ്വര്‍ണക്കടത്ത്; സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വിദേശ യാത്രകള്‍ പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ഉത്തരവിനായി കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ല.

പ്രധാനമന്ത്രിയും അമിത് ഷായും അജിത് ദോവലുമടങ്ങുന്ന മൂവര്‍ സംഘമാണ് ഡല്‍ഹിയില്‍ നിന്നു കേസ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിയമഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ നീക്കുപോക്ക് നടക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്റലിജന്‍സ് സംവിധാനത്തെ നോക്കുകുത്തിയാക്കിയാണു യുഎഇ അറ്റാഷെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതു നാണക്കേടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top