സ്വര്‍ണക്കടത്ത്; അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള നീക്കമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ എല്‍ഡിഎഫ് എംഎല്‍എയുടെ പേരുകൂടി പുറത്ത് വന്നതോടെ ആരുടെ ചങ്കിടിപ്പാണ് വര്‍ധിക്കുന്നതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലേക്കാണോ പോകുന്നതെന്ന് സംശയിക്കേണ്ടിരിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റഡിയിലെടുക്കാത്തതും ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഈ പദ്ധതിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാത്തതും അതിന് ഉദാഹരണമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

വിദേശനാണയ വിനിമയ ക്രമക്കേട് കൃത്യമായി കണ്ടെത്തിയ ലൈഫ് മിഷന്‍ കേസിലും നിയമപോരാട്ടത്തിന് കളമൊരുക്കി പദ്ധതി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒറ്റപ്പെട്ട ചില അറസ്റ്റുകള്‍ ഒഴിച്ചാല്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ല. കൊടുവള്ളി എംഎല്‍എക്കെതിരായ മൊഴി ഉണ്ടായിട്ടും അതേകുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്റ്റംസ് തയ്യാറാകാത്തതും ബിജെപിയും സിപിഎമ്മും ദേശീയതലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്.

Top