കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം; മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുന്നു

തിരുവനന്തപുരം: പുന സംഘടന ചർച്ച ചെയ്യാൻ ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്നും മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുന്നു. പിജെ കുര്യന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ ഉൾപ്പടെ ചർച്ച നടത്തിയിട്ടും പല വിഷയത്തിലും പരിഹാരമുണ്ടാകാത്തതിൽ മുല്ലപ്പള്ളിക്ക് പരിഭവമുണ്ട്. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരിഭവവും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുനിൽക്കൽ.

ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച പിജെ കുര്യനും യോഗത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. രാഹുലിനെതിരെ കുര്യൻ നടത്തിയ പരസ്യ വിമർശനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിട്ടുനിൽക്കലെന്നാണ് സൂചന. എന്നാൽ വിട്ടുനിൽക്കലിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നുമാണ് കുര്യൻ നൽകുന്ന വിശദീകരണം. നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനും യോഗത്തിലേക്ക് ക്ഷണമില്ല.

Top