ധനമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായെന്ന് മുല്ലപ്പള്ളി

കാസര്‍കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും മന്ത്രിസഭ നാഥനില്ലാ കളരിയായെന്നും മുല്ലപ്പള്ളി പറഞ്ഞു. കെഎസ്എഫ് ഇ റെയ്‌ഡോടെ ധനമന്ത്രി തോമസ് ഐസക്കിന് തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയായി. സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വരികയാണ്. അപമാനിച്ച സിപിഎമ്മില്‍ കടിച്ചു തൂങ്ങണോ എന്ന് ഐസക് തീരുമാനിക്കണം.

സിപിഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്ത് വരികയാണെന്നും സംസ്ഥാനമാകെ പിണറായി വിരുദ്ധ ചേരി ഉണ്ടായിക്കഴിഞ്ഞുവെന്നും മുല്ലപ്പള്ളി പറഞ്ഞു. കോടിയേരിക്കെതിരെ പടയൊരുക്കം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. അവഹേളിതനായ ഐസക്ക് മന്ത്രിസഭയിലും പാര്‍ട്ടിയിലും തുടരുന്നത് ആലോചിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിംസ് പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇത് വ്യാപകമായ അഴിമതിയുടെ ഉദാഹരണമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. പ്രതിപക്ഷ നേതാക്കന്‍മാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു മുല്ലപ്പള്ളി അറിയിച്ചു. പെരിയ കൊലപാതകം തന്നെയാണ് കാസര്‍കോട്ട് ചര്‍ച്ചാ വിഷയമെന്നും യുവാക്കളുടെ കൊലപാതകം ജനങ്ങളുടെ മനസില്‍ ഇപ്പോഴും നീറുന്ന ഓര്‍മ്മയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top