മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റ് വിരുദ്ധതയില്‍ ആത്മരതി ആസ്വദിക്കുന്നു; വിമര്‍ശിച്ച് എഎ റഹീം

തിരുവനന്തപുരം: രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയില്‍ ആത്മരതി ആസ്വദിക്കുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

ഗവര്‍ണര്‍ നയപ്രസംഗം മുഴുവന്‍ വായിച്ചത് മുഖ്യമന്ത്രിയും ആര്‍എസ്എസും തമ്മിലുള്ള ധാരണപ്രകാരമാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപാട്.എന്ത് തെളിവിന്റെയും വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കാന്‍ തയാറായതെന്നു മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ് ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയില്‍ ആത്മരതി ആസ്വദിക്കുകയാണ്. ഗവര്‍ണര്‍ നയപ്രസംഗം മുഴുവന്‍ വായിച്ചത് മുഖ്യമന്ത്രിയും ആര്‍എസ്എസും തമ്മിലുള്ള ധാരണപ്രകാരമാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപാട്.

എന്ത് തെളിവിന്റെയും വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കാന്‍ തയാറായതെന്നു മുല്ലപ്പള്ളി വ്യക്തമാക്കണം.

പൗരത്വ രജിസ്റ്റര്‍ 2024 ല്‍ രാജ്യത്തു നടപ്പിലാക്കുമെന്നു ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു മുന്നോടിയായി എന്‍പിആര്‍ നടപടികള്‍ രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. എന്‍പിആര്‍ പൂര്‍ത്തിയായാല്‍ സ്വാഭാവികമായും പൗരത്വ പട്ടിക അവര്‍ തയ്യാറാക്കും. എന്‍പിആര്‍ എന്ന കടമ്പ കടക്കാതെ കേന്ദ്ര സര്‍ക്കാരിന് പൗരത്വ പട്ടികയിലേക്ക് കടക്കാനാകില്ല.

എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി എന്‍പിആര്‍ ബഹിഷ്‌കരിക്കുക മാത്രമാണ് പൗരത്വ പട്ടിക എന്ന അപകടത്തെ ചെറുക്കാനുള്ള ഒരേ ഒരു പോംവഴി.

രാജ്യത്താദ്യമായി എന്‍പിആര്‍ ബഹിഷ്‌കരിക്കണം എന്ന് തീരുമാനിച്ച പാര്‍ട്ടി സിപിഐ(എം) ആണ്. എന്‍പിആര്‍ നടപ്പിലാക്കില്ല എന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചും കഴിഞ്ഞു. ഏപ്രില്‍ ഒന്നു മുതലാണ് എന്‍പിആര്‍ സര്‍വേ രാജ്യത്ത് ആരംഭിക്കാന്‍ പോകുന്നത്. സമയം വൈകിക്കഴിഞ്ഞു. കോണ്‍ഗ്രസ്സ് ഇതുവരെ ഒരക്ഷരം എന്‍പിആര്‍ ബഹിഷ്‌കരണത്തെ കുറിച്ച് മിണ്ടിയിട്ടില്ല മാത്രവുമല്ല, നിയമമായാല്‍ അത് നടപ്പാക്കേണ്ടി വരും എന്ന സൂചനകള്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്‍കുകയും ചെയ്തു.

രാജ്യത്തെ ജനങ്ങള്‍ എന്‍പിആറിനെ കുറിച്ചും പൗരത്വ പട്ടികയെക്കുറിച്ചും ആശങ്കപ്പെടുമ്പോള്‍ താങ്കള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത ലഹരി പോലെ ആസ്വദിക്കുകയാണ്.

ആര്‍എസ്എസ് കേന്ദ്ര സര്‍ക്കാരിലൂടെ നടപ്പിലാക്കുന്നത് അവരുടെ പ്രത്യയ ശാസ്ത്ര പദ്ധതിയാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയാണ് അവര്‍. ആദ്യം മുസ്ലീങ്ങളെയും പിന്നെ, ക്രിസ്ത്യാനികളെയും, തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകളെയും ഇവിടെ നിന്നും തുരത്തുമെന്നത് ആര്‍എസ്എസ് പണ്ടേ പ്രഖ്യാപിച്ചതാണ്. സംഘപരിവാര്‍ സ്വപ്നമായ മതരാഷ്ട്രത്തിനായാണ് സിഎഎ നിയമം.

എന്‍പിആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൗരത്വ പട്ടികയിലേക്ക് കടക്കാതെ മതേതര ഇന്ത്യയെ രക്ഷിക്കാന്‍ എല്ലാ ജനാധിപത്യ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കേണ്ട കാലത്തു പിണറായിയുടെ ചോരക്കു ദാഹിച്ചലയുന്ന താങ്കള്‍ക്ക് കാര്യമായ തകരാറുണ്ട്. സോണിയാ ഗാന്ധിയും എ കെ ആന്റണിയും മനസ്സിലാക്കിയതും പറഞ്ഞതും മനസ്സിലാക്കാനാകാത്ത മുല്ലപ്പള്ളിയുടെ മാനസികാവസ്ഥ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

Top