പ്രളയത്തോളം വലിയ ദുരന്തം; എല്‍.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഇടതുപക്ഷ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രളയത്തോളം വലിയ ദുരന്തമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെ അഹന്തയ്ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ലഭിച്ചതെന്നും മുല്ലപ്പള്ളി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്ക് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ലീഡ് നേടനായില്ല. മുഖ്യമന്ത്രി ഇത്രനാളും മാധ്യമങ്ങളോട് പറഞ്ഞ മാറി നില്‍ക്ക് മറുപടി ഇപ്പോള്‍ ജനങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുകയാണ്. മാറി നില്‍ക്കാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് അതിനുള്ള സുവര്‍ണാവസരമാണ്. 123 നിയമസഭാ മണ്ഡലങ്ങളിലുമാണ് എല്‍.ഡി.എഫിനെ ജനങ്ങള്‍ തള്ളിയത്. ജനവിധി മാനിച്ച് അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം. ജനങ്ങള്‍ അതാണ് ആവശ്യപ്പെടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതുപോലൊരു ജനവിധി 2004ല്‍ ഉണ്ടായപ്പോള്‍ അന്തസ്സുണ്ടെങ്കില്‍ രാജിവെച്ച് പോവണമെന്ന് ആന്റണിയോട് ആക്രോശിച്ചവരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും. തങ്ങള്‍ക്ക് ആ അവസ്ഥയുണ്ടായപ്പോള്‍ രാജിവെക്കാത്തതെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. അഹന്തയ്ക്കുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ കഴിയുമെങ്കില്‍ അത് ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുക്കുമായിരുന്നു. പൊതുസമൂഹത്തിലുള്ളവരെ നികൃഷ്ടജീവിയെന്നും പരനാറിയെന്നും മാടമ്പിയെന്നൊക്കെ വിളിച്ച് അപമാനിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പൊതുസമൂഹം അതെല്ലാം ഇപ്പോള്‍ തിരിച്ച് വിളിക്കുന്നത് പോലെയാണ് വിധിയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top