പരമാവധി സംഭരണ ശേഷിയും പിന്നിട്ട് മുല്ലപ്പെരിയാര്‍; പെരിയാര്‍ തീരത്ത് ജാഗ്രത !

കൊച്ചി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടു. നിലവില്‍ അഞ്ച് ഷട്ടറുകള്‍ 30 സെ.മി വീതം ഉയര്‍ത്തിയിട്ടുണ്ട്. തമിഴ്‌നാട് കൊണ്ട് പോകുന്നത്ത് 1,867 ഘനയടി വെള്ളമാണ്. സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീടത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് മീന്‍ പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top