മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; നീരൊഴുക്കു വര്‍ദ്ധിച്ചു, വെള്ളമെടുക്കുന്നത് കുറച്ച് തമിഴ്‌നാടും

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്.

റൂള്‍ കര്‍വ് പ്രകാരം നിലവില്‍ ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്. സെക്കന്‍ഡില്‍ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍, 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

അതേസമയം, മുല്ലപ്പെരിയാര്‍ കേസ് സുപ്രിം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഖാന്‍ വില്ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. റൂള്‍ കര്‍വുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആക്ഷേപങ്ങളില്‍ കോടതി വിശദമായി വാദം കേള്‍ക്കും. തമിഴ്നാട് തയാറാക്കുകയും ജലകമ്മീഷന്‍ ശുപാര്‍ശചെയ്യുകയും ചെയ്ത റൂള്‍ കര്‍വ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് കേരളത്തിന്റെ വാദം.

ബേബി ഡാമില്‍ മരം മുറിക്കാനുള്ള അനുമതി പിന്‍ വലിച്ചത് അടക്കം ചൂണ്ടിക്കാട്ടിയാകും തമിഴ്നാടിന്റെ നിലപാട്. സുരക്ഷ എന്ന വാദം സംസ്ഥാനം ഉയര്‍ത്തുന്നത് വിഷയത്തെ കേരളത്തില്‍ വൈകാരികമാക്കാനാണെന്നാണ് തമിഴ്നാടിന്റെ നിലപാട്.

Top