മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി, ആറ് ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി. ജലനിരപ്പ് കുറഞ്ഞതോടെ തമിഴ്‌നാട് സ്പില്‍വേയുടെ ഷട്ടറുകള്‍ അടച്ചതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ കാരണം. 142 അടിയായതോടെ രാത്രി ഒന്‍പത് മണിയോടെ രണ്ട് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നു.

പത്ത് മണിക്ക് ശേഷം രണ്ടെണ്ണം കൂടി വീണ്ടും തുറന്നു, ഇതോടെ ഡാമിലെ ആറ് ഷട്ടറുകള്‍ നിലവില്‍ തുറന്ന അവസ്ഥയിലാണ്. 30 സെന്റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 2520 ഘനയടി വെള്ളമാണ് നിലവില്‍ അണക്കെട്ടില്‍ നിന്ന് പെരിയാറിലേക്ക് പുറന്തള്ളുന്നത്.

അതേസമയം ഇന്നലെ രാത്രിയും ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് വന്‍ തോതില്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ടിരുന്നു. ഡാമിലെ വെള്ളം എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് രണ്ട് അടിയോളം ഉയരുകയും മഞ്ചുമല ആറ്റോരം ഭാഗത്തുള്ള അഞ്ചോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്‌നാട് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് പെരിയാറിലെ ജലനിരപ്പ് കുറഞ്ഞത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് പകല്‍ സമയം മാത്രം വെള്ളം ഒഴുക്കികളയണമെന്നും രാത്രി ഷട്ടര്‍ തുറക്കുന്നത് ബുദ്ധിമുട്ടാണെന്നും തമിഴ്‌നാടിനെ അറിയിച്ചെന്ന് സംസ്ഥാന ജലവവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയാണെന്നും നിലവിലെ സ്ഥിതി നേരിടാന്‍ ആര്‍ ഡി ഒ, പീരുമേട് ഡി വൈ എസ് പി, ഫയര്‍ഫോഴ്‌സ് എന്നീ സംവിധാനങ്ങള്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

Top