മുല്ലപ്പെരിയാർ; ജലനിരപ്പ് 135 അടിക്ക് മുകളിൽ തുടരുന്നു, ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിക്ക് മുകളിൽ തുടരുകയാണ്. ജലനിരപ്പ് 136 അടിയോടടുത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മേൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗുൽഷൻ കുമാർ അധ്യക്ഷനായ സമിതിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും രണ്ട് അംഗങ്ങൾ വീതമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഷട്ടറുകളുടെ പ്രവർത്തന ക്ഷമത, സ്വീപ്പേജ് ജലത്തിന്റെ അളവ് എന്നിവ സംഘം പരിശോധിക്കും. പരിശോധന സംബന്ധിച്ച വിവരങ്ങൾ സമിതി അംഗങ്ങൾ മേൽനോട്ട സമിതിക്ക് സമർപ്പിക്കും.

ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും മുൻകരുതലുകൾ എല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു.

Top