mullaperiyar; v.s sned letter

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തു നല്‍കി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് സംബന്ധിച്ച് പിണറായി നടത്തിയ പ്രസ്താവന ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടിന് എതിരാണെന്ന് വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി. ഈ പ്രസ്താവന ജനങ്ങളില്‍ ആശങ്ക വളര്‍ത്താന്‍ ഇടയാക്കിയതായും വി.എസ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത ശേഷമാണോയെന്ന് അറിയില്ല. എന്നിരിക്കിലും പിണറായി നടത്തിയ പ്രസ്താവനയെ കുറിച്ച് ഇടതുമുന്നണി ചര്‍ച്ച ചെയ്യുകയും കൂടുതല്‍ വ്യക്തത വരുത്തുകയും വേണം.

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആശയത്തെ സി.പി.എമ്മും ഇടതുമുന്നണിയും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. മൂന്ന് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ, പുതിയ ഡാമെന്ന ആശയത്തെ ഇടതുപക്ഷം തള്ളുകയാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാവാന്‍ ഇടയായിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി ജനങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ നടപടി വേണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

Top