മുല്ലപ്പെരിയാര്‍ ജീവന്റെ പ്രശ്‌നം, രാഷ്ട്രീയം പറഞ്ഞ് സമയം കളയേണ്ട സാഹചര്യമല്ലെന്ന് കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. ഉചിതമായ ജലനിരപ്പ് എത്രയെന്ന് സംവാദം നടത്താനല്ല ശ്രമിക്കേണ്ടത്. തമിഴ്നാടും മേല്‍നോട്ട സമിതിയുമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുത്. ഉത്തരവാദിത്തത്തോടെ പെരുമാറണം. ജലനിരപ്പ് സംബന്ധിച്ച് എല്ലാ കക്ഷികളും ആശയവിനിമയം നടത്തണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം ഉണ്ടാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് മേല്‍നോട്ട സമിതി രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. മേല്‍നോട്ട സമിതി തീരുമാനിച്ചശേഷം ഹര്‍ജികള്‍ കോടതി പരിഗണിക്കാമെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ പറഞ്ഞു. മേല്‍നോട്ട സമിതിയുടെ തീരുമാനം അറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ പൊതുതാത്പര്യ ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 139 ആയി നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് സുപ്രിംകോടതി വീണ്ടും പാസാക്കമമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Top