മുല്ലപ്പെരിയാര്‍; ‘മുന്നറിയിപ്പ് നല്‍കി പകല്‍ തുറക്കണം’, സ്റ്റാലിനെതിരെ വിമര്‍ശനവുമായി എം എം മണി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ കൃത്യമായി അറിയിപ്പ് നല്‍കാത്തതിനെതിരെയും രാത്രി തുറക്കുന്നതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് എം എം മണി എം എല്‍ എ പറഞ്ഞു.

മര്യദക്ക് മുന്നറിയിപ്പ് നല്‍കി പകല്‍ ഡാം തുറന്നു വിടുകയാണ് തമിഴ്‌നാട് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരില്ല. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും എം എം മണി ഇടുക്കിയില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം എംഎം മണി രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത ആളാണെന്നും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മുല്ലപ്പെരിയാറില്‍ ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നുമാണ് എംഎം മണിയുടെ വിമര്‍ശനം.

”കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോള്‍ സമരമിരിക്കുന്ന എംപിയും വി ഡി സതീശനും വീട്ടില്‍ പോയിരുന്നു സമരം ചെയ്താല്‍ മതിയെന്നുമാണ് അന്ന് എംഎം മണി പരിഹസിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും. ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയില്‍ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും എംഎം മണി പറഞ്ഞിരുന്നു.

Top