Mullaperiyar: Kerala wants new dam

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേന്ദ്രത്തെ ആശങ്കയറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നും പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ പി.ജെ.ജോസഫ്, കെ.സി.ജോസഫ്, അനൂപ് ജേക്കബ്, വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

കേരളത്തിന് പുതിയ അണക്കെട്ടിലൂടെ സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ വെള്ളവുമെന്ന നിലപാട് ചർച്ചയിൽ മുഖ്യമന്ത്രി ആവർത്തിച്ചു. അണക്കെട്ടിൽ വിദഗ്‌ദ പരിശോധന വേണമെന്നും കേന്ദ്രത്തിന്റെ മദ്ധ്യസ്ഥതയിൽ ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു. ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.

പ്രധാനമന്ത്രിയടക്കം 14 കേന്ദ്രമന്ത്രിമാരെ ഇതുവരെ കണ്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. 150 രൂപയ്ക്ക് കർഷകരിൽ നിന്ന് റബർ സ്വീകരിക്കുന്നതിനായി കേന്ദ്രധനസഹായം വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്‌ടറിയിൽ ടെണ്ടർ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് കേരളം റെയിൽ മന്ത്രാലയത്തെ സമീപിയ്ക്കും. ടെണ്ടർ ഒഴിവാക്കിയാൽ പദ്ധതിയിൽ താൽപര്യമുണ്ടെന്ന് സെയിൽ (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലായി തുടരുകയാണ്. ജലനിരപ്പ് കുറയ്ക്കുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിരുന്നുവെങ്കിലും അതിന് അവര്‍ തയാറായിട്ടില്ല. വൈഗയിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചിട്ടുണ്ട്.

Top