നിയമസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം; സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. രമേശ് ചെന്നിത്തലയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നത് തമിഴ്‌നാട് ജലവിഭവമന്ത്രിയെ പോലെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

തമിഴ്‌നാട് തീരുമാനിച്ച റൂള്‍കര്‍വിനോട് കേരളം യോജിക്കുകയായിരുന്നു. അത് സ്വാഗതം ചെയ്യാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരോ മഴയിലും മുല്ലപ്പെരിയാര്‍ പേടി സ്വപ്നമായി ജനങ്ങളെ വേട്ടയാടുകയാണ്. തമിഴ്‌നാടിന് ജലം നല്‍കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്‌തെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 139.5 അടിയിലേക്ക് റൂള്‍കര്‍വ് കൊണ്ടുവരാന്‍ കഴിഞ്ഞു. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന വിവിധ പഠനറിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിയെ അറിയിച്ചു . പുതിയ അണക്കെട്ടിനായി യോജിച്ചു നീങ്ങണമെന്നും റോഷി പറഞ്ഞു.

 

Top