മുല്ലപ്പെരിയാര്‍ ഗേറ്റ് ഷെഡ്യൂള്‍; കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ഗേറ്റ് ഷെഡ്യൂള്‍ കാലഹരണപ്പെട്ടത് ചൂണ്ടിക്കാട്ടി കേരളം സുപ്രിം കോടതിയെ സമീപിച്ചു. കാലഹരണപ്പെട്ട ഈ ഒപ്പറേഷന്‍ ഷെഡ്യൂളിനെ ആണ് പ്രപര്‍ത്തനത്തിനായി തമിഴ്നാട് ആശ്രയിക്കുന്നതെന്നും കേരളം സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി. അണക്കെട്ടിന്റെ റൂള്‍ കെര്‍വ്വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ എന്നിവ തയാറാക്കി നടപ്പിലാക്കുന്നതില്‍ വലിയ താമസം ഉണ്ടാകുന്നത് അപകടസാധ്യത വര്‍ധിപ്പിയ്ക്കുന്നു എന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

മുല്ലപെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്ക് എതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയ്ക്ക് നല്‍കിയ മറുപടിയില്‍ തമിഴ്നാട് കേരളത്തിനെതിരായി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. ഇതിനെ ചോദ്യം ചെയ്യുന്നതാണ് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ നിലപാടുകള്‍.

1939 ല്‍ തയാറാക്കിയതാണ് ഇപ്പോഴത്തെ ഗേറ്റ് ഒപ്പറേഷന്‍ ഷെഡ്യൂള്‍. പലതവണ മാറ്റാനുള്ള സമയം ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നിട്ടും ഇത് മാറ്റാതെ ആണ് തമിഴ്നാട് മുന്നോട്ട് പോകുന്നത്. കാലഹരണപ്പെട്ട ഈ ഒപ്പറേഷന്‍ ഷെഡ്യൂളിനെ ആശ്രയിക്കുന്നത് ശാസ്ത്രിയ യുക്തിയ്ക്ക് എതിരാണ്. പുതിയ ഗേറ്റ് ഷെഡ്യൂള്‍ തയ്യാറാക്കാത്തത് വലിയ വീഴ്ച ആണെന്നും കേരളം വ്യക്തമാക്കുന്നു.

അണക്കെട്ടിന്റെ റൂള്‍ കെര്‍വ്വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ എന്നിവ തയാറാക്കി നടപ്പിലാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ പ്രവചിക്കുന്ന സംവിധാനം കേരളം സ്ഥാപിക്കാത്തത് മൂലമാണ് ഗേറ്റ് ഷെഡ്യൂള്‍ പുതുക്കാത്തത് എന്ന വാദത്തിന് അടിസ്ഥാനമില്ല. ഗേറ്റ് ഒപ്പറേഷന്‍ ഷെഡ്യൂള്‍ വൈകുന്ന കാര്യം തമിഴ് നാടിന്റെ സത്യവാങ് മൂലത്തിലുള്ള കാര്യവും കേരളം ചൂണ്ടിക്കാട്ടുന്നു. കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫും ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരുടെ ഹര്‍ജ്ജിയിലാണ് കേരളത്തിന്റെ മറുപടി.

 

Top