മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേല്‍നോട്ട സമിതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയിലാണ് യോഗം. ഇന്ന് രാവിലെ 11 മണിക്ക് വണ്ടിപെരിയാറിലാണ് യോഗം ചേരുക. എഡിഎം, ജില്ലാ പൊലീസ് മേധാവി, തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കേരളം തയ്യാറാക്കി വരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ഡി പി ആര്‍ ഡിസംബറില്‍ സര്‍ക്കാരിന്റേയും കേന്ദ്ര ജല കമ്മിഷന്റേയും പരിഗണനക്ക് സമര്‍പ്പിക്കും.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടിയായതോടെ ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Top