മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

നെടുംങ്കണ്ടം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് പത്തുമണിയോടെയാണ് ഷട്ടറുകള്‍ തുറക്കുക. ഘട്ടം ഘട്ടമായി പതിനായിരം ക്യുസെക്‌സ് വെള്ളം വരെ പുറത്തേയ്‌ക്കൊഴുക്കും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാന്‍ തമിഴ്‌നാടിന്റെ തീരുമാനം.

തമിഴ്‌നാട്ടില്‍ മഴ തുടരുകയാണ്. കന്യാകുമാരി തിരുനെല്‍വേലി തൂത്തുക്കുടി തെങ്കാശി ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. മൂന്ന് പേര്‍ക്ക് കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടമായി. 7500 പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്.

ഇക്കാരണത്താലാണ് സുരക്ഷ മുന്‍ കരുതലിന്റെ ഭാഗമായി അണക്കെട്ട് തുറക്കുന്നത്. അതേ സമയം ജില്ലാ ഭരണകൂടം പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോയി ശേഖരിക്കുന്ന വൈഗ അണക്കെട്ട് തുറന്നിരിക്കുന്നതിനാല്‍ തമിഴ്‌നാടിന് അധിക ജലം കൊണ്ടുപോകാനും കഴിയില്ല.

Top