മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണം, 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയമെന്ന് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് കേരളം. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. തമിഴ്നാടിന്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകള്‍ മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു.

നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് യുക്തമായ നടപടിയെന്നും കേരളം സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സുപ്രിംകോടതി നിര്‍ദേശപ്രകാരം മേല്‍നോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേരളം ആശങ്കകള്‍ അറിയിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറയ്ക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേല്‍നോട്ട സമിതി സ്വീകരിച്ചത്.

എന്നാല്‍ പിന്നീട് സുപ്രിംകോടതിയില്‍ എത്തിയപ്പോള്‍ വിപരീത നിലപാടാണ് മേല്‍നോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിര്‍ത്ത കേരളത്തോട് ഇന്ന് നിലപാട് അറിയിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാല്‍ ഒട്ടും അലസത പാടില്ല. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മൈക്ക് അനൗണ്‍സ്മെന്റുകളും മുന്നറിയിപ്പുകളും പ്രദേശത്ത് ആരംഭിച്ചു. വണ്ടിപ്പെരിയാറിലൂടെ വെള്ളം ഇടുക്കി ഡാമിലേക്ക് എത്തിച്ചേരേണ്ടത് 27 കിലോമീറ്റര്‍ സഞ്ചരിച്ചാണ്. ആ 27 കിലോമീറ്റര്‍ പ്രദേശത്തും കര്‍ശന സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2018ലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ 853 കുടുംബങ്ങളെ മാറ്റേണ്ടിവരുമെന്നാണ് നിഗമനം. 3220 പേരെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അവരുടെ ഫോണ്‍നമ്പറുകളും ലഭ്യമാണ്. വില്ലേജ് ഓഫീസുകളിലും താലൂക്ക് കേന്ദ്രങ്ങളിലും കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളില്‍ തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, പ്രത്യേക ആശുപത്രികള്‍ തുടങ്ങിയ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.05 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍ഡില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നു.

Top