mullaperiyar dam ; pinarayi vijayan statement

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് പുതിയ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കിലേ സര്‍വകക്ഷിയോഗം വിളിക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്നാണ് തമിഴ്‌നാട് പറയുന്നത്. ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം തമിഴ്‌നാടോ, കേന്ദ്ര സര്‍ക്കാരോ, സുപ്രീംകോടതിയോ അംഗീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമിതിയെ കൊണ്ടുള്ള പരിശോധനയാണ് വേണ്ടതന്നും തിരുവനന്തപുരം പ്രസ് ക്‌ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടുമായി സംഘര്‍ഷത്തിന് സര്‍ക്കാരിന് താല്‍പര്യമില്ല. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിലപാടില്‍ മാറ്റമില്ല. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് നിയമസഭ ഒറ്റക്കെട്ടായി അംഗീകരിച്ച പ്രമേയത്തില്‍ ഉറച്ചുനില്‍ക്കും.

നമുക്ക് തനിയെ ഡാം പണിയാനാകില്ല. തമിഴ്‌നാടിന്റെ സഹകരണം വേണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വേണം. പക്ഷേ അവിടെ ഒരു ഉടക്കുണ്ട്.
നിലവിലുള്ള ഡാം ബലമുള്ളതാണെന്നാണ് തമിഴ്‌നാട് കാണുന്നത്. ബലക്ഷയമുണ്ടെന്നാണ് കേരളം പറയുന്നത്. നമ്മുടെ നിലപാട് തമിഴ്‌നാടും കേന്ദ്രസര്‍ക്കാരും അംഗീകരിക്കുന്നില്ല.

സുപ്രീംകോടതിയും അംഗീകരിക്കുന്നില്ല. അതുകൊണ്ട് നിലവിലെ ഡാമിന് ബലക്ഷയമുണ്ടോ എന്ന പരിശോധനയാണ് ആദ്യം വേണ്ടത്. അതിന് ഒരു അന്താരാഷ്ട്ര വിദഗ്ധസമിതിയുടെ പരിശോധന ആവശ്യമാണ്.

അത്തരം വിദഗ്ധരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാട് മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ തന്നെ വന്നുകണ്ടപ്പോള്‍ അവരോട് വിശദീകരിച്ചിരുന്നു. അവര്‍ ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയാണ് അറിയിച്ചതെന്നും പിണറായി വിശദീകരിച്ചു.

Top