മുല്ലപ്പെരിയാര്‍ ഡാം ഇന്ന് രാവിലെ തുറക്കും; പെരിയാര്‍ തീരങ്ങളില്‍ ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 8 മണിക്ക് ഡാം ഷട്ടര്‍ തുറക്കും. ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30ന് 141 അടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്നലെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 141 അടിയിലേക്കെത്തുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ആളുകള്‍ വലിയ ആശങ്കയിലാണ്.

റൂള്‍ കര്‍വ് പ്രകാരം 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ്. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്.

Top