മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പി ജോണ്‍ പെന്നിക്വിക്കിന്റെ ജന്മദിനം ഇനി പൊതു അവധി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ജോണ്‍ പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15 പൊതു അവധിയാക്കി തമിഴ്‌നാട് സര്‍ക്കാര്‍. അദ്ദേഹത്തിന്റെ നൂറ്റിയൊന്‍പതാം ജന്മദിനത്തിലാണ് ആദരസൂചകമായുള്ള പ്രഖ്യാപനം.

തമിഴ്‌നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജന്മദിനം വിപുലമായി പരിപാടികളോടെ ആഘോഷിക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ലോവര്‍ക്യാമ്പിലുള്ള പെന്നിക്വിക്കിന്റെ സ്മാരകത്തില്‍ മാല ചാര്‍ത്തി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചതോടെ വരണ്ടുകിടന്ന തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡികല്‍, രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍, വെള്ളം ലഭിക്കാന്‍ തുടങ്ങി.ഇവിടങ്ങളിലെ ജനങ്ങള്‍ അണക്കെട്ടിന്റെ ശില്പിയായ ജോണ്‍ പെന്നിക്വിക്കിനെ ദൈവതുല്യനായാണ് കാണുന്നത്.

ബ്രിട്ടനിലെ പ്രശസ്തനായ എന്‍ജിനീയറായിരുന്ന ജോണ്‍ പെന്നിക്വിക്ക് 1882-ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മാണത്തിന് നേതൃത്വം നല്‍കി. 1895-ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മാണം പൂര്‍ത്തിയായി. 1911 മാര്‍ച്ച് ഒന്‍പതിന് എഴുപതാമത്തെ വയസ്സില്‍ കേംബര്‍ലിയില്‍ അദ്ദേഹം അന്തരിച്ചു. തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്.

Top