മുല്ലപ്പെരിയാര്‍; ലോക്സഭയില്‍ കേരള-തമിഴ്നാട് എം.പിമാര്‍ തമ്മില്‍ വാക്‌പോര്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ലോക്സഭയില്‍ കേരള-തമിഴ്നാട് എം.പിമാര്‍ തമ്മില്‍ വാക്‌പോര്.ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിന്റെ ചോദ്യവുമായി ബന്ധപ്പെട്ടാണ് സഭയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്. നിലവിലെ അണക്കെട്ടിന്റെ സുരക്ഷിതത്വം വലിയ പ്രശ്നമാണെന്ന് പറഞ്ഞ ഡീന്‍ ഭൂചലസാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പരമാര്‍ശിച്ചു. എന്നാല്‍, ആശങ്കയുടെ കാര്യമില്ലെന്നായിരുന്നു ജലശക്തി മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന്റെ പ്രതികരണം. എല്ലാ പഠനത്തിലും ഡാമിന് ഭൂചലന ഭീഷണി ഇല്ല എന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ടിന് ഇപ്പോള്‍ ബലക്ഷയം ഒന്നുമില്ലെന്നും ഡാം വളരെ സുരക്ഷിതമാണെന്നാണ് വിവിധ കമ്മീഷനുകളും കോടതിയും കണ്ടെത്തിയിരിക്കുന്നത്. ഡാം ശക്തിപ്പെടുത്താനുള്ള നടപടികള്‍ കാലാകാലങ്ങളില്‍ സ്വീകരിക്കാറുണ്ടെന്നം മന്ത്രി ഗജേന്ദ്രസിംഗ് പറഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ ഡാം എന്നൊരു നിര്‍ദേശം ജലവിഭവ മന്ത്രാലയത്തിനു മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരള സര്‍ക്കാരിന്റെ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കിയിട്ടുണ്ട്. ഇവ പരിശോധിച്ച് പരിസ്ഥിതി മന്ത്രാലയം ചില നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. പുതിയ ഡാം എന്ന നിര്‍ദേശം നടപ്പിലാകണമെങ്കില്‍ കേരളവും തമിഴ്നാടും ഒരുമിച്ചു നിന്നേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പുതിയ ഡാമിന്റെ പഠനം തന്നെ ആവശ്യമില്ലായിരുന്നു എന്ന് ഡിഎംകെ അംഗം എ.രാജ പറഞ്ഞു. ഡാം സുരക്ഷിതമെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന പറഞ്ഞ് കേരളത്തിലെ എംപിമാര്‍ എണീറ്റത് സഭയില്‍ അല്പനേരം ഒച്ചപ്പാടിനിടയാക്കി.

Top