മുല്ലപ്പെരിയാര്‍ ഉത്തരവ്; തെളിവ് നിരത്തി റോഷി അഗസ്റ്റിനെ പൊളിച്ചടുക്കി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കല്‍ വിവാദത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ തള്ളി വനം മന്ത്രി എ കെ ശശീന്ദ്രന്‍. മുല്ലപ്പെരിയാര്‍ മരം മുറിയുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിട്ടുണ്ടെന്നും മിനിട്‌സുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ യോഗം ചേര്‍ന്നില്ലെന്നും മിനിട്‌സില്ലെന്നുമാണ് റോഷി അഗസ്റ്റിന്‍ അവകാശപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട നിയമസഭാ രേഖകള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നവംബര്‍ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്തുവന്നിട്ടുണ്ട്. മരം മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വനംവകുപ്പിന്റെ ഉത്തരവില്‍ യോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ജലവിഭവവകുപ്പ് അഡീ ചീഫ് സെക്രട്ടറി യോഗം നടത്തിയെന്നും ഒപ്പം യോഗ തീയതിയും തീരുമാനവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നേരത്തെ, വിഷയത്തില്‍ നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനയ്ക്കു പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമോ, അനൗദ്യോഗികമോ ആയ ഒരു യോഗവും നടന്നിട്ടില്ല. സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നിട്ടില്ല. ഇക്കാര്യം ജലവിഭവ വകുപ്പ് അഡീഷനല്‍ സെക്രട്ടറി തന്നോടു പറഞ്ഞു. ഇതിന്റെ രേഖയോ, മിനിട്‌സോ ഇല്ലെന്നുമാണ് റോഷി അഗസ്റ്റിന്‍ വാദിച്ചത്.

Top