mullaperiar dam – D commission- suprem court writ

ന്യൂഡല്‍ഹി: ബലക്ഷയം നേരിടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ലക്ഷക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുമെന്നുകാട്ടി അഡ്വ. റസ്സല്‍ ജോയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ച് അണക്കെട്ട് പരിശോധിക്കണമെന്ന് റസ്സല്‍ ജോയ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അണക്കെട്ട് സുരക്ഷ സംബന്ധിച്ച അമേരിക്കന്‍ ഫെഡറല്‍ മാര്‍ഗരേഖകള്‍ക്കനുസരിച്ച് വേണം സമിതിയുണ്ടാക്കാനെന്ന് റസ്സല്‍ ജോയ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2006ല്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയില്‍ വിദഗ്ധരുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറിലെ 120 വര്‍ഷം പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമാണെന്ന് 2014 മെയ് രണ്ടിന് സുപ്രീംകോടതി വിധിയില്‍ പറയുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടഭീഷണി നേരിടുന്നതാണെന്നും അതിലെ ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്നുമുള്ള കേരളത്തിന്റെ നിയമവും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു.

2014ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം പിന്നീട് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

1886ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുണ്ടാക്കിയത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം തമിഴ്‌നാടിന് 999 വര്‍ഷത്തേക്കാണ് അണക്കെട്ട് പാട്ടത്തിന് നല്‍കിയത്. ഇത്രയുംകാലം അണക്കെട്ട് നിലനില്‍ക്കുമെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാന്‍ കഴിയുകയെന്ന് ഹര്‍ജിയില്‍ ചോദിക്കുന്നു.

അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്കായി വലിയ തുക ചെലവിടുന്നു. പുതിയ അണക്കെട്ട് വരികയാണെങ്കില്‍ ഇത് വേണ്ടിവരില്ല. അണക്കെട്ടില്‍ വിള്ളലും ചോര്‍ച്ചയുമുണ്ടെന്ന് 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അണക്കെട്ടിന് സുരക്ഷാ പ്രശ്‌നമുണ്ടെന്നും ജലനിരപ്പ് താഴ്ത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ നടന്നെങ്കിലും അടിത്തറ ബലപ്പെട്ടിട്ടില്ല.

ശാസ്ത്രീയ മാര്‍ഗമുപയോഗിച്ച് അണക്കെട്ട് സുരക്ഷിതമാണോ അല്ലയോ എന്ന് പറയാനാവില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലബോംബാണെന്നും ലക്ഷക്കണക്കിനാളുകളുടെ ഉറക്കം കെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഒരു പാര്‍ട്ടിയും മുല്ലപ്പെരിയാര്‍ വിഷയം പരാമര്‍ശിക്കാത്തത് ഖേദകരമാണെന്നും കോടതിയില്‍ നിന്നെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റസ്സല്‍ ജോയ് പറഞ്ഞു.

Top