മുല്ലപ്പെരിയാർ; മേൽനോട്ട സമിതി ശക്തിപ്പെടുത്തുന്നതിൽ സുപ്രീംകോടതിയുടെ ഉത്തരവ് ഇന്ന്

‍ഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തുന്നതിൽ സുപ്രികോടതിയുടെ നിർണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുന്നതിൽ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണസജ്ജമാകുന്നത് വരെയായിരിക്കും താൽക്കാലിക ക്രമീകരണം. ഉച്ചയ്ക്ക് രണ്ടിനാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

ഡാം സുരക്ഷ നിയമത്തിലുള്ള വിപുലമായ അധികാരങ്ങൾ മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൈമാറാൻ തയാറെടുക്കുകയാണ് സുപ്രിംകോടതി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പൊതുതാൽപര്യഹർജികളിൽ വാദം കേട്ടപ്പോൾ തന്നെ വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് പലതവണ ആവർത്തിച്ചു.

മേൽനോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമത്തിലെ എല്ലാ അധികാരങ്ങളും ഉണ്ടാകും. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ അപ്പോൾ പരിശോധിക്കാമെന്നാണ് കോടതി നിലപാട്. സുരക്ഷ വിഷയങ്ങൾക്ക് മാത്രമാണ് ഇപ്പോൾ പ്രധാന പരിഗണന. മറ്റ് വിഷയങ്ങൾ പിന്നീടെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ പറഞ്ഞിരുന്നു.

Top