സ്റ്റാലിന്റെ കത്തില്‍ വീഴില്ല; മുല്ലപ്പെരിയാര്‍ മരം മുറി അനുമതി മരവിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വീഴ്ചയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിക്കുന്നത്. അസാധാരണ നടപടിയാണ് ഉണ്ടായത്. അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ല. ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി യോഗം വിളിച്ചത് അനുസരിച്ചാണ് തീരുമാനമെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്. ഏത് സാഹചര്യത്തിലായാലും ഇത്തരം പ്രധാന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞാല്‍പോര. സര്‍ക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ല. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി. മുഖ്യമന്ത്രിയും കാര്യങ്ങള്‍ അന്വേഷിച്ചു. ഉത്തരവ് നിലനില്‍ക്കുന്നത് പ്രശ്‌നമായതിനാലാണ് ഉടനെ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. മരം മുറിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല.

ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം പരിശോധിക്കും. യോഗ തീരുമാനങ്ങള്‍ ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വകുപ്പ് മന്ത്രിയെ അറിയിച്ചോ എന്നറിയില്ല. മന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസും അറിഞ്ഞിരുന്നില്ല. നടപടിയെടുത്തേ പറ്റൂ എന്ന് മുഖ്യമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടു.

നടപടിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പറഞ്ഞു. അനിവാര്യ സാഹചര്യം ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം. സാധാരണ രീതിയില്‍ മരംമുറിക്കാന്‍ മന്ത്രി അറിയേണ്ട. പക്ഷേ, മുല്ലപ്പെരിയാര്‍ പോലെ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് മരംമുറി മന്ത്രി അറിയേണ്ടതില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. തമിഴ്‌നാടുമായി ഒത്തുകളിച്ചു എന്ന ആരോപണമൊന്നും ഉന്നയിക്കുന്നില്ല. തമിഴ്‌നാട്ടുകാരും മലയാളികളും സഹോദരങ്ങളാണ്. അവരുമായുള്ള ബന്ധത്തില്‍ കോട്ടംതട്ടാന്‍ അനുവദിക്കില്ല- മന്ത്രി പറഞ്ഞു.

Top