മുല്ലപ്പെരിയാര്‍ 137 അടിയില്‍, കേസ് ഇന്ന് സുപ്രീംകോടതിയില്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 137 അടി കവിഞ്ഞു. ഒരടി കൂടി ഉയര്‍ന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് പരമാവധി സംഭരണ ശേഷി. സെക്കന്‍ഡില്‍ 5700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2200 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

പകല്‍ നീരൊഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും വൈകിട്ടോടെ കാടിനുള്ളില്‍ പെയ്ത മഴയാണ് നിരക്ക് ജലനിരപ്പ് ഉയരാനിടയാക്കിയത്. പീരുമേട് താലൂക്കില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ഇവര്‍ക്ക് ബോധവത്കരണം നല്‍കുകയും ചെയ്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടി കടന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തു. വരും ദിവസങ്ങളില്‍ മഴ ഒഴിഞ്ഞ് നിന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താന്‍ സാധ്യതയില്ല.

കൂടാതെ, മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്. തമിഴ്‌നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

Top