മുല്ലപ്പെരിയാര്‍; കേരളം സുപ്രീം കോടതിയിലേക്ക്, നാളെ പുതിയ അപേക്ഷ നല്‍കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് നാളെ പുതിയ അപേക്ഷ നല്‍കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതോടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഡോ. ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയത്.

രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നും മേല്‍നോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

Top