ശബരിമലയെ കലാപ ഭൂമിയാക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

തൃശൂര്‍: ശബരിമലയിലേക്ക് വരാനിരിക്കുന്ന സ്ത്രീകളെ തടയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോണ്‍ഗ്രസിന് അത്തരമൊരു നിലപാടില്ലെന്നും ശബരിമല വിഷയത്തില്‍ ബുധനാഴ്ച നടക്കുന്ന സമരത്തില്‍ സുധാകരന്‍ പങ്കെടുക്കുന്നത് പാര്‍ട്ടി തീരുമാനമനുസരിച്ചു തന്നെയാണെന്നും അതില്‍ പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ യുവതികള്‍ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നും പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം തന്നെയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ശബരിമലയെ കലാപ ഭൂമിയാക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാരിന് ഈ വിഷയത്തില്‍ നിഗൂഢമായ അജണ്ടയുണ്ടെന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജിയ്ക്കു പോകാത്തത് തന്നെ ഇതിന്റെ ഭാഗമായാണെന്നും സിപിഎമ്മിനെ പോലെ ജാതിമത പ്രീണനം നടത്തുന്ന വേറെ പാര്‍ട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top