കോൺഗ്രസിന്‍റെ പോക്ക് അപകടകരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: കോൺഗ്രസിന്‍റെ ഈ പോക്ക് അപകടകരമെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടത്. ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കോൺഗ്രസിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. പ്രൈമറി സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ലെന്നും കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ, വിഭാഗീയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും ഓർമ്മിപ്പിച്ചു. ശശി തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട സാഹചര്യം ഇല്ല. കേരളത്തിലെ നേതാക്കൾ തന്നെ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരുവുകളിലേക്കിറങ്ങേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നതെന്ന് കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി, കെ മുരളീധരനെ പരോക്ഷമായി പരിഹസിച്ചു. ചിലർ രാവിലെ ഒന്നും ഉച്ചക്ക് വേറൊന്നും പറയുന്നു എന്നായിരുന്നു പരിഹാസം

Top