മുല്ലപ്പള്ളി ചൂടിയത് മുൾക്കിരീടം തന്നെ . . . മുൻപ് പിരിച്ച പണം പോലും കാണാനില്ല !

സാമ്പത്തിക ഇടപാടുകളില്‍ രാജ്യത്ത് ഏറ്റവും അധികം ക്രമക്കേട് നടത്തിയ രാഷ്ട്രീയ പര്‍ട്ടികളില്‍ ഒന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനം.

പാര്‍ട്ടി ഫണ്ടിലേക്കായാലും മറ്റെന്ത് പേരിലായാലും പിരിച്ചെടുക്കുന്ന തുകയില്‍ നല്ലൊരു പങ്കും നേതാക്കളുടെ പോക്കറ്റിലേക്കാണ് പോകുക എന്നത് ആ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു കീഴ്‌വഴക്കമാണ്.

സി.പി.എമ്മിനെയും വര്‍ഗ്ഗ ബഹുജന സംഘടനകളെയും പോലെ പിരിച്ച കാശിന്റെ കണക്ക് കീഴ് കമ്മറ്റികള്‍ മേല്‍ കമ്മറ്റികളെ അറിയിക്കുന്ന ഏര്‍പ്പാട് ഒന്നും തന്നെ കോണ്‍ഗ്രസ്സിലില്ല. പ്രധാന പ്രവര്‍ത്തകര്‍ക്ക് ലെവി നല്‍കുന്ന ഏര്‍പ്പാടും അവര്‍ക്കില്ല.

പാര്‍ട്ടി പിരിവിന് അപ്പുറം വന്‍കിടക്കാരില്‍ നിന്നും സ്വന്തം നിലയ്ക്ക് പിരിവ് നടത്തി സ്വന്തം നില ഭദ്രമാകുന്നവരാല്‍ സമ്പന്നമാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി.

Mullapally Ramachandran

കേരളത്തിലെ കോണ്‍ഗ്രസ്സിനെ പരിശോധിച്ചാല്‍ ഹൈക്കമാന്റില്‍ നിന്നും വലിയ ഫണ്ട് പ്രവഹിച്ച നിരവധി കാലഘട്ടം ഉണ്ടായിട്ടുണ്ട്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തും രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്തും വലിയ ഫണ്ടാണ് കേരളത്തിലേക്ക് ഒഴുകിയത്. തിരഞ്ഞെടുപ്പ് സമയത്ത് ഹൈക്കമാന്റ് നല്‍കിയ ഫണ്ട് അടിച്ച് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിരുന്നു.

കേരളത്തില്‍ പിണറായി സര്‍ക്കാരും കേന്ദ്രത്തില്‍ മോദി സര്‍ക്കാരും അധികാരത്തില്‍ വന്നതോടെയാണ് കോണ്‍ഗ്രസ്സിന്റെ കഷ്ടകാലം തുടങ്ങിയത്. ഫണ്ടില്ലാതെ ഇത്ര കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിനു മുന്നോട്ട് പോകാന്‍ പറ്റാത്ത ‘അവസ്ഥ’ ഉണ്ടായി എന്ന കാര്യം പരിശോധിച്ചാല്‍ തന്നെ പ്രതിസന്ധിയുടെ ആഴം മനസിലാകും. പാര്‍ട്ടി വളര്‍ത്താനല്ല, മറിച്ച് സ്വയം വളരാനും കുടുംബത്തിലേക്കുമായി നേതാക്കള്‍ പണമൊഴുക്കിയതിന്റെ ഭാഗമായിരുന്നു ഈ പ്രതിസന്ധി.

ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ പറ്റു എന്ന പഴമൊഴി ഓര്‍ത്തിരുന്നുവെങ്കില്‍ ഈ ‘കടും കൈ’ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചെയ്യുമായിരുന്നില്ല. ഇവിടെയാണ് കേരളത്തിലെ സി.പി.എമ്മിനെ നാം സമ്മതിച്ച് കൊടുക്കേണ്ടത്. ഭരണമുണ്ടായാലും ഇല്ലങ്കിലും കൃത്യമായി ചലിക്കുന്ന കേഡര്‍ സംവിധാനമാണ് സി.പി.എമ്മിന്റേത്.

പാര്‍ട്ടി സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും കണക്ക് പരിശോധിച്ചാല്‍ തന്നെ പിരിച്ചെടുത്ത പണം എവിടെയെന്ന് വ്യക്തമാകും. ഇതിനെയാണ് സമ്പന്ന പാര്‍ട്ടി എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്നത്. സി പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും കേരളത്തില്‍ നടത്തിയ പിരിവിനെ പോലെ മറ്റൊരു പാര്‍ട്ടിയും നടത്തിയിട്ടുണ്ടാകില്ലെന്ന് കൂടി ഓര്‍ക്കണം. പിരിക്കുന്ന കാശ് കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനാല്‍ സിപിഎമ്മിന് പിരിവ് നല്‍കാന്‍ ജനങ്ങള്‍ക്കൊട്ട് മടിയുമില്ല.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി അതി ദയനീയമാണ്. ഫണ്ട് ശേഖരണം മുന്‍ നിര്‍ത്തി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച ജനമഹായാത്രക്ക് തണുപ്പന്‍ സ്വീകരണമാണ് തുടക്കം മുതല്‍ തന്നെ ലഭിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് തുടങ്ങി മിക്കയിടത്തും നിശ്ചയിച്ച തുകയുടെ നാലിലൊന്നു പോലും കിട്ടിയിട്ടില്ല.

ഫണ്ട് നല്‍കാത്ത മണ്ഡലം കമ്മറ്റികളെ യാത്രക്കിടെ വെച്ച് തന്നെ മുല്ലപ്പള്ളി പിരിച്ചുവിട്ടിട്ടും പ്രവര്‍ത്തകരും കീഴ് ഘടകങ്ങളും നിസഹായാവസ്ഥ തുടരുകയാണ്. ജനങ്ങള്‍ പണം നല്‍കുന്നില്ലെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. മറ്റൊരു വിഭാഗമാകട്ടെ മുന്‍ അദ്ധ്യക്ഷന്‍ എം.എം ഹസ്സന്‍ നടത്തിയ ജനമോചനയാത്രയില്‍ പിരിച്ച തുകയുടെ കണക്ക് വെച്ചിട്ട് മതി അച്ചടക്ക നടപടിയെന്നാണ് തിരിച്ചടിക്കുന്നത്.

cpm

ഹസന്‍ നടത്തിയ യാത്രയില്‍ ഒരു ബൂത്തില്‍ നിന്നും പതിനായിരം രൂപയെന്ന കണക്കില്‍ 24 കോടി പിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എല്ലാ ബൂത്ത് കമ്മറ്റികളും ക്വോട്ട തികച്ചില്ലെങ്കിലും 14 കോടിയോളം പിരിഞ്ഞു കിട്ടിയതായാണ് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഏഴു കോടി പിരിഞ്ഞ് കിട്ടിയെന്നും മൂന്നര കോടി രൂപ ഡി.സി.സികള്‍ക്ക് നല്‍കിയെന്നുമാണ് ഹസ്സന്‍ അവകാശപ്പെടുന്നത്. ഹൈക്കമാന്റിന്റെ ഖജനാവ് കാലിയായതിനാല്‍ കുറേ പണം അവര്‍ക്ക് നല്‍കിയെന്നും ഹസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹസന്റെ കാലത്ത് ഒരു രൂപ പോലും ഹൈക്കമാന്റിന് നല്‍കിയിരുന്നില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വി.എം സുധീരന്‍ കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നപ്പോള്‍ മാത്രമാണ് രണ്ട് തവണയായി രണ്ട് കോടി രൂപ ഹൈക്കമാന്റിന് നല്‍കിയിരുന്നത്. ഇതു സംബന്ധമായ കണക്ക് മാത്രമാണ് കെ.പി.സി.സി ആസ്ഥാനത്തുള്ളത്. തന്റെ മുന്‍ഗാമിയായ ഹസന്‍ നടത്തിയ യാത്രയുടെ ‘കെടുതികള്‍’ ഇപ്പോള്‍ ഏറ്റുവാങ്ങി മുന്നാട്ട് പോകുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫണ്ടിലെ നിസഹകരണത്തില്‍ ആകെ രോഷാകുലനാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫണ്ട് പിരിച്ച് നല്‍കാത്ത കമ്മറ്റികള്‍ പിരിച്ചു വിടുന്നത് ഡി.സി.സികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അവസാനിപ്പിക്കേണ്ടി വന്നതും മുല്ലപ്പള്ളിക്ക് തിരിച്ചടിയായിട്ടുണ്ട്. ഫണ്ടില്ലാതെ ഇനി എങ്ങനെ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കും എന്ന ആലോചനയിലാണ് അദ്ദേഹം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമാക്കേണ്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണിത്.

മുള്‍ക്കിരീടമാണ് താന്‍ ചൂടിയതെന്ന് ജാഥ കാസര്‍ഗോഡ് ജില്ല പിന്നിട്ടപ്പോള്‍ തന്നെ മുല്ലപ്പള്ളിക്ക് തോന്നിയിട്ടുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Top