ഗീബിൽസിനെ കടത്തിവെട്ടി മുല്ലപ്പള്ളി . . ശബരിമലയിലെ നാണക്കേടിന് ഒരു കള്ളം

ത്രയോ മഹാന്‍മാര്‍ ഇരുന്ന കസേരയാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം. മഹാരഥന്‍മാരെ പോലെ തന്നെ നിരവധി അവസരവാദികളും അഴിമതിക്കാരുമൊക്കെ പിന്നീട് ആ കസേരയിലിരുന്നിട്ടുണ്ട് എന്നതും അഭിനവ ചരിത്രം തന്നെയാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സിനെയും യു.ഡി.എഫ് മുന്നണി സംവിധാനത്തെയും നയിക്കേണ്ട കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് ഇരുന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ പുതിയ ഒരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

ലോക് നാഥ് ബഹറയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടാണ് എന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. ബഹ്‌റ എന്‍.ഐ.എ മേധാവിയായിരുന്ന കാലത്ത് മോദിയെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും വെള്ളപൂശുന്ന നിലപാട് സ്വീകരിച്ചതിലുള്ള പ്രത്യുപകാരമായാണ് മോദി പിണറായിയോട് ശുപാര്‍ശ ചെയ്തതെന്നാണ് വെളിപ്പെടുത്തല്‍.

പത്രമുത്തശ്ശി ഒന്നാം പേജില്‍ വെണ്ടക്ക നിരത്തി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഇതിനു പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യവും വ്യക്തമായി കഴിഞ്ഞു.

ബഹ്‌റ മോദിയെയും അമിത് ഷായെയും വെള്ളപൂശിയോ കറുപ്പ് പൂശിയോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല, പക്ഷേ യാഥാര്‍ത്ഥ്യം സാമാന്യ യുക്തിയില്‍ ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

പിണറായിയോട് മോദി അങ്ങനെ വല്ലതും പറയുമോ ? ഇനി അങ്ങനെ പറഞ്ഞാല്‍ തന്നെ പിണറായി വിജയന്‍ അത് വല്ലതും അനുസരിക്കുമോ എന്ന് മുല്ലപ്പള്ളിയ്ക്കു പോലും ഇതുവരെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ലെന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നുണ്ട്. വിഡ്ഢിത്തം പറയുന്നതിനും വേണം ചില അതിര്‍വരമ്പുകള്‍.

രാജ്യവ്യാപകമായി ഒരു മുഖ്യമന്ത്രിക്കെതിരെ മാത്രമേ ആര്‍.എസ്.എസും ബി.ജെ.പിയും അടക്കം സകല സംഘപരിവാര്‍ സംഘടനകളും പ്രക്ഷോഭം നടത്തിയിട്ടൊള്ളൂ , അത് കമ്യൂണിസ്റ്റുകാരനായ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. ഒരു മുഖ്യമന്ത്രിയുടെ തലയ്ക്ക് മാത്രമേ ആര്‍.എസ്.എസ് നേതാവ് ഇനാം പ്രഖ്യാപിച്ചിട്ടൊള്ളൂ അതും മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്രമാണ്.

mullappally pinarayi

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും അവരുടെ സകല മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ഒരുമിച്ച് തെരുവിലിറങ്ങി ഒരു സര്‍ക്കാറിനെതിരെ സമരം നയിച്ചിട്ടുണ്ടെങ്കില്‍ അതും പിണറായി സര്‍ക്കാറിനെതിരെയാണ്.

ബി.ജെ.പി കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ രണ്ടാമത് വരുന്ന കോണ്‍ഗ്രസ്സിനേക്കാള്‍ രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്ന പോലെ ഒരു തരി മാത്രം ഉള്ള കമ്യൂണിസ്റ്റുകളെ എന്തു കൊണ്ടാണ് മുഖ്യ ശത്രുവായി ബി.ജെ.പി കാണുന്നത് എന്നതില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.

പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും മാത്രമല്ല വ്യക്തിപരമായി പോലും കടുത്ത രാഷ്ട്രീയ പകയാണ് കേരളത്തിലെ സി.പി.എം സംഘപരിവാര്‍ അണികള്‍ തമ്മിലുള്ളത്. രക്തസാക്ഷികളുടെയും ബലിദാനികളുടെയും എണ്ണം ഓര്‍മ്മിപ്പിക്കും ആ പകയുടെ തീഷ്ണത.

ആക്രമണം ഒന്നിനും ഒരു പരിഹാരമല്ല, ആര് നടത്തിയാലും അത് തെറ്റ് തന്നെയാണ്. ഈ പാര്‍ട്ടികള്‍ തമ്മിലുള്ള അകലത്തിന്റെ വ്യാപ്തി ചൂണ്ടിക്കാണിക്കാനാണ് ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നത്.

കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ജീവത്യാഗം കണ്ടു പഠിക്കണമെന്ന് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകരോട് പറഞ്ഞ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ചുവപ്പ് രാഷ്ട്രീയത്തെ കടപുഴക്കാന്‍ ത്രിപുരയില്‍ നടപ്പാക്കിയ അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നവരാണ് മോദിയും അമിത് ഷായും. പ്രളയ സഹായധനത്തില്‍ ഉള്‍പ്പെടെ കേന്ദ്രത്തിന്റെ അവഗണന കേരളം കണ്ടതുമാണ്.

കേരളത്തിലെ ജനങ്ങളോട് ഏന്തെങ്കിലും തരത്തിലുള്ള വിരോധം ഉള്ളതു കൊണ്ടല്ല, മറിച്ച് ഇവിടം ഭരിക്കുന്നത് കമ്യൂണിസ്റ്റുകള്‍ ആയതുകൊണ്ടാണ് ഈ അവഗണനയെന്നതാണ് യാഥാര്‍ത്ഥ്യം.

എങ്ങനെയും കേരളം പിടിക്കാന്‍ ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിക്കുന്ന സംഘ പരിവാറിന്റെ കയ്യില്‍ സംസ്ഥാന പൊലീസ് മേധാവി എന്ന വജ്രായുധം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുമെന്ന് പറഞ്ഞ മുല്ലപ്പള്ളിയെ സമ്മതിച്ച് കൊടുക്കണം.

ഇതിനേക്കാള്‍ അപ്പുറം ഒരു കള്ളം സമീപകാലത്തൊന്നും ആരും തന്നെ പറഞ്ഞിട്ടില്ല.

സംസ്ഥാന പൊലീസ് മേധാവി എന്നു പറയുന്ന തസ്തികയുടെ പവര്‍ എന്താണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് അറിയില്ലേ ?

സംസ്ഥാനത്തെ ക്രമസമാധന ചുമതലയുടെ കീ ഇരിക്കുന്ന ആ പോസ്റ്റില്‍ മോദിക്ക് പ്രിയപ്പെട്ടവനെ ഇരുത്തുന്നതിലും ഭേദം മുഖ്യമന്ത്രി പദം ഒഴിഞ്ഞ് അവിടെ സംഘപരിവാര്‍ നേതാവിനെ ഇരുത്തുന്നതാണെന്ന് ശരിക്കും ബോധ്യമുള്ള നേതാവ് തന്നെയാണ് പിണറായി. അക്കാര്യത്തില്‍ രാഷ്ട്രീയ കേരളത്തിന് മറിച്ച് ഒരു അഭിപ്രായവും ഉണ്ടാകാനിടയില്ല.

ഇനി ഒരു വാദത്തിനു വേണ്ടി മോദി പറഞ്ഞിട്ട് ആണ് പിണറായി ബഹ്‌റയെ പോസ്റ്റ് ചെയ്തത് എന്ന് സമ്മതിച്ചാല്‍ തന്നെ ചില ചോദ്യങ്ങള്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉത്തരം പറയണം.

മോദി പറഞ്ഞിട്ട് നിയമിച്ച ബഹറയുടെ പൊലീസ് എങ്ങനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കും?, ശബരിമലയിലും നിലയ്ക്കലുമെല്ലാം പ്രതിഷേധക്കാരെ വേട്ടയാടും , സംസ്ഥാന വ്യാപകമായി അതിക്രമം കാണിച്ചവരെ എങ്ങനെ അകത്താക്കും? ശശികല ടീച്ചറെ കൊണ്ട് എന്തിന് വേണ്ടി സത്യം ചെയ്യിപ്പിച്ചു? സാക്ഷാല്‍ കേന്ദ്രമന്ത്രിയെ തന്നെ എങ്ങനെ ധിക്കരിക്കാന്‍ കഴിഞ്ഞു ?

ഈ ചോദ്യത്തിനുള്ള മറുപടി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയണം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഡി.ജി.പിയല്ല ഇക്കാര്യങ്ങള്‍ ചെയ്യിക്കുന്നതെന്ന് മാത്രം പറയരുത്.

ആര് എന്ത് പറഞ്ഞാലും പൊലീസ് സേന എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം മാത്രമാണ്. അതാണ് പൊലീസിന്റെ സിസ്റ്റം. മോദിയുടെ ശുപാര്‍ശയില്‍ ലഭിച്ച നിയമനമാണെങ്കില്‍ പിന്നെ ബഹ്‌റക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം പാലിക്കേണ്ട ആവശ്യം തന്നെയില്ലല്ലോ?

ഇനി അവസാനമായി ഒരു കാര്യം കൂടി പറയട്ടെ, ഈ ബഹ്‌റയോട് അത്ര വലിയ വിധേയത്വം പ്രധാനമന്ത്രി മോദിക്ക് ഉണ്ടായിരുന്നുവെങ്കില്‍ ഇദ്ദേഹത്തെ കേന്ദ്രത്തില്‍ വലിയ പദവിയില്‍ കൊണ്ടു പോകാമായിരുന്നില്ലേ ?

ഒറീസക്കാരനായ ബഹ്‌റക്ക് അത് വലിയ സൗകര്യം ആവുമായിരുന്നല്ലോ. കാര്യങ്ങള്‍ എല്ലാം അറിയുന്ന സ്ഥിതിക്ക് ഇക്കാര്യം മുല്ലപ്പള്ളി തന്നെ നേരിട്ട് മോദിയുടെ ശ്രദ്ധിയില്‍പ്പെടുത്തുകയാണ് വേണ്ടത്.

ഒറീസയിലെ കോണ്‍ഗ്രസ്സുകാര്‍ വഴി സംഘപരിവാര്‍ പ്രവര്‍ത്തകരോട് ഇനി ബഹ്‌റയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തരുതെന്ന് കൂടി പറയിക്കണം. അവര്‍ക്ക് അറയില്ലല്ലോ മോദിയുടെ അടുത്ത ആളാണ് ബഹറയെന്നത്!

ശബരിമല വിഷയത്തില്‍ രണ്ടു നിലപാട് സ്വീകരിച്ച് പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ഉണ്ടയില്ലാ വെടി’ ഏറ്റെടുത്ത മാധ്യമങ്ങളെയോര്‍ത്ത് സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

അവതരണം: അഡ്വ. മനീഷ രാധാകൃഷ്ണന്‍

Top