മോദിയെ പുകഴ്ത്തി; എ.പി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ച് കെപിസിസി

Mullapally Ramachandran

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ച് കെപിസിസി.

അബ്ദുള്ളക്കുട്ടിയ്ക്ക് എതിരായ കണ്ണൂര്‍ ഡിസിസിയുടെ പരാതി അന്വേഷിക്കുവാന്‍ പ്രത്യേക സമിതിയെ തീരുമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ പരാജയപ്പെടാന്‍ ഉണ്ടായ കാരണം പഠിക്കുവാന്‍ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. അംഗങ്ങളെ തീരുമാനിക്കുവാന്‍ കെപിസിസി പ്രസിഡന്റിനെ നേതൃയോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് നില്‍ക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. താന്‍ സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും മോദിയുടെ വിജയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.

മോദിക്ക് ജയം സമ്മാനിച്ചത് വികസന പദ്ധതികള്‍ തന്നെയാണ്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ല. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതുമൊക്കെ വോട്ടായി മാറി. മോദിയുടെ വിജയത്തെപ്പറ്റി നിഷ്പക്ഷമായും ശാന്തമായും എല്ലാവരും വിശകലനം ചെയ്യണം. വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് വന്‍ വിജയം സമ്മാനിച്ചത്. മോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളാണുള്ളത്, അബ്ദുള്ള കുട്ടിയുടെ വാക്കുകള്‍.

Top